ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പി.പി.ഇയുടെ സുരക്ഷ ഉറപ്പുവരുത്തുന്നില്ല; ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെതിരേ ക്വീന്‍സ് ലാന്‍ഡിലെ നഴ്സസ് യൂണിയന്‍ ഇന്‍ഡസ്ട്രിയല്‍ കോടതിയില്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പി.പി.ഇയുടെ സുരക്ഷ ഉറപ്പുവരുത്തുന്നില്ല; ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെതിരേ ക്വീന്‍സ് ലാന്‍ഡിലെ നഴ്സസ് യൂണിയന്‍ ഇന്‍ഡസ്ട്രിയല്‍ കോടതിയില്‍

ബ്രിസ്ബന്‍: കോവിഡ് രോഗികളെ പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ കിറ്റിന്റെ ഫിറ്റ് ടെസ്റ്റിംഗ് നടത്താത്തതില്‍ ക്വീന്‍സ് ലാന്‍ഡിലെ നഴ്‌സുമാര്‍ക്കിടയില്‍ കടുത്ത ആശങ്ക. ഇതുമൂലം സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ഭീഷണിയിലാണെന്നു ക്വീന്‍സ് ലാന്‍ഡ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് യൂണിയന്‍ (ക്യൂ.എന്‍.എം.യു.) വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ക്വീന്‍സ് ലാന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കോടതിയില്‍ യൂണിയന്‍ ഹര്‍ജി നല്‍കി. നഴ്സുമാര്‍ക്ക് കോവിഡ് വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന ആശങ്കയിലാണ് യൂണിയന്റെ ഈ നീക്കം.

പിപിഇയുടെ ശരിയായ ഫിറ്റ് ടെസ്റ്റിംഗും ശ്വസനസംരക്ഷണ ഉപകരണങ്ങളുടെ പരിശോധനയും ഫലപ്രദമായി നടക്കുന്നതായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പിപിഇ പരിശോധിച്ച് അപാകതയില്ലെന്ന് ഉറപ്പുവരുത്തണം. അത് അവര്‍ക്ക് സുരക്ഷിതമായി ധരിക്കാനാകണം. പക്ഷേ ഈ പ്രക്രിയ ക്വീന്‍സ് ലാന്‍ഡിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ കൃത്യമായി നടക്കുന്നില്ല.

പിപിഇ വനിതാ നഴ്‌സുമാരുടെ മുഖത്തിന് യോജിക്കുന്നില്ല എന്നതു കൂടുതല്‍ ആശങ്കപ്പെടുത്തുന്നു. നഴ്‌സുമാരില്‍ 90 ശതമാനവും സ്ത്രീകളായതിനാല്‍ ഈ വിഷയം അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണ്. ആരാണ് ഫിറ്റ് ടെസ്റ്റിംഗ് നടത്തുന്നത്, അതിന്റെ പ്രക്രിയ എന്താണ് എന്നതു സംബന്ധിച്ച് വിവരങ്ങള്‍ ക്വീന്‍സ് ലാന്‍ഡ് ആരോഗ്യവിഭാഗം നല്‍കണമെന്ന് ക്യൂ.എന്‍.എം.യു. സെക്രട്ടറി ബെത്ത് മൊഹ്ലെ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രതികരണം അപര്യാപ്തമാണ്. ഇത് നഴ്സുമാരെയും ഡോക്ടര്‍മാരെയും രോഗികളെയും ബാധിക്കുന്ന പൊതുജനാരോഗ്യ പ്രശ്നമാണ്. ഞങ്ങളുടെ അംഗങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് മൊഹ്ലെ പറഞ്ഞു.

ബ്രിസ്ബനിലെ പ്രിന്‍സസ് അലക്‌സാന്‍ഡ്ര ആശുപത്രിയില്‍ മൂന്ന് നഴ്സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും അടുത്തിടെ രോഗം ബാധിച്ചതാണ് യൂണിയന്റെ ആശങ്ക വര്‍ധിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26